20131229


പഴയ ചില ഓർമകളും  ആനുകാലിക സംഭവങ്ങളും ഇവിടെ കുറിച്ചിടുകയാണ് .
വലതു ഭാഗത്തുള്ള ലിങ്കിൽ നിന്ന് ചിലത്  വായിക്കാം.
 പി.ഡി.പ്രതിഷ്.
prathishpd@gmail.com

With K.R.Narayanan

At 18 and 25

With Gouriamma


ലക്ഷദ്വീപിൽ

29 വയസ്സുള്ളപ്പോഴാണ് ഞാൻ ലക്ഷദ്വീപിൽ അദ്ധ്യാപകനായി എത്തുന്നത്‌ .
മിക്കവരും വളരെ സീനിയർ ആയിരുന്നതു കൊണ്ട് 25 കാരനായ
ബഷീറായിരുന്നു എന്റെ ഏറ്റവും അടുത്ത സുഹൃത്ത്‌ .
ഞങ്ങൾ ഒരുമിച്ചുള്ള ഒരു കപ്പൽ യാത്രയിൽ മിനികോയ് ദ്വീപു കാണാൻ അവസരം കിട്ടി
പകൽ മുഴുവൻ കപ്പലവിടെ കിടക്കുന്നതു കൊണ്ടാണ്
ഞങ്ങൾക്ക് ദ്വീപു കാണാൻ
കഴിഞ്ഞത് 

അവിടെ ടൂറിസത്തിൽ ജോലി ചെയ്യുന്ന
ബഷീറിന്റെ സുഹൃത്തായ ശിഹാബുദ്ധീൻ ആണു വഴികാട്ടി .
മിനിക്കോയിൽ സ്ത്രീകൾക്കാണ് അധികാരം .
ഒരു വീട്ടിൽ നിന്ന് ഒരു ഗ്ലാസ്‌ വെള്ളം കിട്ടണമെങ്കിൽ
അവിടത്തെ സ്ത്രീകളോട് തന്നെ ചോദിക്കണം .
ശിഹാബുദ്ധീൻ വഴി ഞങ്ങൾ പല വീടുകളും സന്ദർശിച്ചു .
തൂക്കിയിട്ട കട്ടിലിൽ ഇരുത്തി ഒരമ്മ ഞങ്ങളെ കുറേനേരം ഊഞ്ഞാലുപോലെ ആട്ടി .
ഒരിടത്തുനിന്നും ഉച്ച ഭക്ഷണം ലഭിച്ചു .
ചൂര മീൻ (ടുണ )കൊണ്ടുണ്ടാക്കിയ 'മാസ് 'അന്വേഷിച്ചു കിട്ടാതെയായാപ്പോൾ
വീട്ടാവശ്യത്തിന് സൂക്ഷിച്ചത് ഒരമ്മ എനിക്കെടുത്തു തന്നു (വില വാങ്ങാതെ ).

....................................................
ഞാൻ ലക്ഷദ്വീപിൽ നിന്ന് പോന്നിട്ട് വർഷങ്ങൾ കഴിഞ്ഞാണ് സുനാമി വന്നത് .
കൽപ്പേനി ദ്വീപിൽ ഒരു ഭാഗത്തു കൂടെ കയറിയ വെള്ളം
മറുഭാഗത്തു കൂടെ ഇറങ്ങിപ്പോയപ്പോൾ കുറെ പാത്രങ്ങളും സൈക്കിളുകളും
ഒഴുകിപ്പോയെന്നു പിന്നീട് ബഷീർ വിളിച്ചു പറഞ്ഞിരുന്നു .
അടുത്ത കാലത്താണ് ശിഹാബുധീന്റെ ഒരു ഫോണ്‍ വന്നത്...
ദ്വീപിലേക്ക് ഒരിക്കൽ കൂടി ക്ഷണിച്ചു കൊണ്ട് .....
ഞാൻ അസൗകര്യങ്ങൾ നിരത്തിയപ്പോൾ
എനിക്ക് കിട്ടിയ മറുപടിയാണ് ഇന്നിതെഴുതാൻ കാരണം .
..........................................................
"2050 കഴിഞ്ഞാൽ ഞങ്ങളിവിടെ ഉണ്ടാവില്ല "
..........................................................
ലോക പരിസ്ഥിതി ദിനത്തിന്റെ ഓർമപ്പെടുത്തലായി ഞാനിതിവിടെ കുറിക്കുന്നു
കടൽ.......... കയറി വരികയാണ്
പല ദ്വീപുകളും വൈകാതെ ഇല്ലാതാകും.....
ശിഹാബിനോട് ഒരു മറുപടി പറയാൻ എനിക്ക് കഴിഞ്ഞില്ല ..

പൂർവ വിദ്യാർത്ഥി

തന്റെ പഴയ വിദ്യാലയത്തിനു മുന്നിലൂടെ ഓടിച്ചു പോകുമ്പോൾ അയാളുടെ കാറിനു വേഗത കുറയുക പതിവായിരുന്നു . ഇത്തവണ വാഹനം വഴിയരികിൽ നില്ക്കുക തന്നെ ചെയ്തു. ഏറെ വർഷം മുൻപ് ഓടിക്കളിച്ച ആ സ്കൂൾ മുറ്റത്തു കൂടെ ഒരിക്കൽ കൂടി നടക്കുവാനുണ്ടായ മോഹം. നടന്നു തുടങ്ങിയപ്പോൾ മനസ്സിലായി സ്കൂളിനു മാറ്റമൊന്നും വന്നിട്ടില്ലെന്ന് . നൂറോളം വർഷം പഴക്കമുള്ള സ്കൂളിന്റെ ഭിത്തിക്കും തൂണുകൾക്കും അൽപ്പം ബലക്ഷയം വന്നിരിക്കുന്നു . മുറ്റത്തെ മാവും ഒരു മുത്തശ്ശിയായിരിക്കുന്നു .
അകത്ത് ക്ലാസ്സുകൾ നടക്കുന്നുണ്ട് .വരാന്തയിൽ നിന്ന് ഒരാൾ ഇങ്ങോട്ടുതന്നെ നോക്കുന്നു. ഹെഡ് മാസ്റ്ററാവും . താനിവിടുത്തെ പൂർവവിദ്യാർഥിയാണെന്ന് പറഞ്ഞു പരിചയപ്പെടുത്തി. താനീസ്കൂളിൽ കാണിച്ച വികൃതികൾ ഒന്നൊന്നായി എണ്ണിപ്പയുന്നത് ഒരു ചെറുപുഞ്ചിരിയോടെ ഹെഡ് മാസ്റ്റർ കേട്ടിരുന്നു. പിന്നെ എപ്പോഴോ ഹെഡ് മാസ്റ്റർക്ക് പറയാൻ കിട്ടിയ അവസരത്തിൽ സ്കൂളിന്റെ ഇപ്പോഴത്തെ ദയനീയാവസ്ഥ അദ്ദേഹം വിവരിച്ചു തുടങ്ങി. രണ്ടു കമ്പ്യൂട്ടറുകൾ വാങ്ങാനുള്ള ആഗ്രഹം എങ്ങുമെത്താത്ത സ്ഥിതിയിലാണെന്നും പലരുടെയും കയ്യും കാലും പിടിച്ചിട്ടും ഫലമുണ്ടാകാത്തതും അദ്ദേഹം വിവരിച്ചു . പിന്നീടങ്ങോട്ട് ഹെഡ് മാസ്റ്ററുടെ വാക്കുകളോരോന്നും ക്ഷമയോടെ അയാൾ കേട്ടിരുന്നു. ഒടുവിൽ ആ ഹെഡ് മാസ്റ്ററുടെ കൈകൾ കൂട്ടിപ്പിടിച്ചു കൊണ്ടയാൾ ഒരുറപ്പു നല്കി . യു എസ്സിലേക്ക് തിരിച്ചു പോകുന്നതിനു മുൻപ് താനിവിടെ രണ്ടു കമ്പ്യൂട്ടർ എത്തിക്കുമെന്ന് . തിരക്കു കാരണം സ്കൂൾ മുഴുവൻ ചുറ്റിക്കാണാൻ അയാൾക്ക് കഴിഞ്ഞില്ല .പകരം ഒരു സഹായിയെ വിട്ട് കമ്പ്യൂട്ടർ വെക്കാനുള്ള മുറി അയാൾ പരിശോധിപ്പിച്ചു. കമ്പ്യൂട്ടർ വെക്കാൻ പറ്റിയ ഒരു മുറിയിവിടെയില്ലെന്ന സഹായിയുടെ റിപ്പോർട്ട്‌ ഹെഡ് മാസ്റ്ററെ വിഷമത്തിലാക്കി. കൈവന്ന ഭാഗ്യം അകന്നു പോകുന്നതായി അനുഭവപ്പെട്ടു. ഫോണിൽ ഏറെ ദുഖത്തോടെയും അതിലേറെ നിരാശയോടെയുമുള്ള ഹെഡ് മാസ്റ്ററുടെ വാക്കുകൾ കേട്ട അയാൾ തന്റെ വിദ്യാലയത്തിലേക്ക്‌ ഒരിക്കൽ കൂടി കടന്നു ചെന്നു.ചുറ്റും കൂടിയവരെല്ലാം ഭയ ഭക്തി ബഹുമാനത്തോടെ, തന്നെ നോക്കുന്നതായി അയാൾക്ക്‌ തോന്നി. തന്റെ മനസ്സിൽ തളിരിട്ട വികാരത്തെ വാക്കുകൾ കൊണ്ട് വിവരിക്കാൻ അയാൾക്ക്‌ കഴിഞ്ഞില്ല. പിന്നീട് നടന്നത് സ്കൂളിലുള്ളവർക്ക് അതിശയത്തോടെ നോക്കിനില്ക്കാനെ കഴിഞ്ഞുള്ളു.1200 സ്ക്വയർ ഫീറ്റ്‌ കെട്ടിടം , 40 കമ്പ്യൂട്ടറും ഫൈവ് സ്റ്റാർ മനോഹാരിതയുള്ള അകവും, മറ്റു അനുബന്ധ ഉപകരണങ്ങളും. ഒരു തിയേറ്റർ തന്നെ. എല്ലാം 3 മാസം കൊണ്ട് തയ്യാറായി. തികച്ചും സ്വപ്നതുല്യം... ഇടുക്കിയിലെ ഒരു സ്കൂളിൽ 10 വർഷം മുൻപ് ചെന്നപ്പോളാണ് ഇതെല്ലാം കാണുന്നതും കേൾക്കുന്നതും .....
ചാവക്കാട് ഉപജില്ലയിലെ ഒരു യു പി സ്കൂളിനും ഇതുപോലൊരു ഭാഗ്യം ലഭിക്കാൻ പോകുന്നു. ഒരു പൂർവ വിദ്യാർത്ഥി, അതിനു ചുക്കാൻ പിടിക്കുന്നു. പൂർവ വിദ്യാർത്ഥികൾ സ്കൂളിലേക്ക് തിരിച്ചു വരുന്നതിനെക്കുറിച്ച് ഏറെ പറയാനുണ്ട്... അത് മറ്റൊരിക്കൽ .​

കുഞ്ഞുമലയാളം
ലാളിത്യം ഏറെയുള്ള പേരാണ് കുഞ്ഞുമലയാളം .
ചാവക്കാട് വിദ്യാഭ്യാസ ഉപജില്ലയിലെ പ്രൈമറി സ്കൂളുകൾ അതിനൊരർത്ഥവും നല്കുന്നുണ്ട് .
കുഞ്ഞിന് മനസ്സിലാകുന്ന ഭാഷ

മലയാള മാധ്യമ വിദ്യാലയങ്ങൾക്ക് പഴയ കാല പ്രതാപത്തിലേക്ക് തിരിച്ചു വരാനുള്ള
ഒരു ദീർഘകാല പരിപാടിയായിട്ടാണ് 2013-14 ൽ കുഞ്ഞുമലയാളം ആരംഭിച്ചത് .
ഇതിൽ നേതൃത്വപരമായ പങ്കുവഹിക്കുന്ന അദ്ധ്യാപക സമൂഹത്തിന് ആത്മ വിശ്വാസം
ലഭിക്കുന്നതായീരിക്കണം ആദ്യ കാൽവെപ്പെന്നു നിശ്ചയിച്ചിരുന്നു

​​അക്കാലത്താണ് 2012 ലെ ASER പഠനം പത്രങ്ങളിൽ വാർത്തയായത് .
ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ASER പഠനം കേരളത്തിലെ കുട്ടികളുടെ
 മാതൃഭാഷാ ശേഷി
വിലയിരുത്തുന്നതിങ്ങനെയാണ്

 "അഞ്ചാം ക്ലാസ്സിലെ മൂന്നിലൊന്നു പേർക്ക് രണ്ടാം ക്ലാസ്സിലെ പാഠപുസ്തകം വായിക്കാനറിയില്ല"​​ഇനിയും മുതിർന്ന ക്ലാസ്സുകളിൽ വെച്ച്
ഈ കുട്ടികളെ ആരാണിത് പഠിപ്പിക്കുക ?
ഈ ചോദ്യത്തിൽ നിന്നാണ് ആദ്യവർഷത്തെ പ്രവർത്തനം എന്തായിരിക്കണമെന്ന് നിശ്ചയിക്കപ്പെട്ടത്‌ . ആ പ്രവർത്തനങ്ങൾ വെറും അക്ഷരം പഠിപ്പിക്കലിൽ ഒതുങ്ങി നിൽക്കുന്നതല്ല  എന്ന തിരിച്ചറിവാണ് ഞങ്ങൾക്ക് ശക്തി പകർന്നത് .ഭാഷയുടെ ലിഖിതരൂപം അന്യമാകുന്ന കുട്ടികൾ പത്തുവരേയും അതിനപ്പുറവും ക്ലാസ്സു മുറിക്കകത്തും പുറത്തും അവഗണിക്കപ്പെടാനുള്ള സാധ്യതയാണ് ഞങ്ങളേറെ ചിന്തിച്ചതും ചർച്ച ചെയ്തതും . സ്കൂളിൽ നിന്നും വീട്ടിൽ നിന്നും അവഗണനയും അപമാനവും മാത്രമാണിവർക്ക് ലഭിക്കുക .
കുഞ്ഞുങ്ങളെ പാർശ്വവല്ക്കരണത്തിലേക്ക് നയിക്കുന്ന പ്രതിഭാസത്തിന്റെ വിത്തിനാണ് ചികിത്സ വേണ്ടത് എന്നതാണ് കാര്യം . ഒറ്റപ്പെടൽ സൃഷ്ടിക്കുന്ന വിഷമകരമായ അവസ്ഥയിൽ നിന്ന് കരകയറാൻ അവൻ പുതിയ കൂട്ടുകാരെ തേടും .അവനവനിലേക്കൊതുങ്ങുകയോ  റിബൽ പ്രവണത കാട്ടുകയോ ചെയ്യുന്ന ഇക്കൂട്ടരെ സ്വീകരിക്കാൻ സമൂഹത്തിലെ പൊതു മര്യാദകൾ പാലിക്കാത്ത ഒരു വിഭാഗം കാത്തിരിക്കുന്നുണ്ടാവും . താല്ക്കാലിക ലഹരിയുടെ വിവിധ ഭാവങ്ങൾ നല്കുന്ന ആശ്വാസം തിരിച്ചു നടക്കാൻ കഴിയാത്ത വഴികളിലൂടെ അവരെ കൊണ്ടുപോകും. മാഫിയാ  സംഘങ്ങളോടും അധോലോക നായകരോടും ഒത്തുള്ള ജീവിതം അവർക്ക് സ്വീകാര്യമാവും.സമൂഹത്തിന് ഒന്നിന് പുറകെ ഒന്നായി അവർ തലവേദന സൃഷ്ടിച്ചുകൊണ്ടിരിക്കും .

​ചിന്തിച്ചു കാടുകയറുകയല്ല... ഇത് സത്യത്തിന്റെ നേർക്കാഴ്ചയാണ് ..
സെക്കന്ററി സ്കൂളുകളിൽ നിന്നും പത്രമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം
ഈ  വിലയിരുത്തൽ ശരിയാണെന്ന് തന്നെയാണ് സൂചിപ്പിക്കുന്നത് .
നന്മയുടേതായ ഒരു ഭാവിസമൂഹം രൂപപ്പെടുത്താൻ കുഞ്ഞായിരിക്കുമ്പോൾ തന്നെ ഇവരെ
ഏറെ കരുതലോടെ വളർത്തേണ്ടതുണ്ട് .അവർക്ക് വീടും വിദ്യാലയവും
കൂടുതൽ പരിഗണന നൽകേണ്ടതുണ്ട് .അദ്ധ്യാപകർ മെന്റർമാരാവുന്നതിലൂടെയാണ് ഇത് സാധ്യമാവുക.
ചാവക്കാട് ഉപജില്ലയിലെ കുഞ്ഞുമലയാളം എന്ന പദ്ധതി ആവശ്യമായ പരിഗണനയും
 അംഗീകാരവും നല്കി മാനുഷിക മൂല്യങ്ങൾക്ക് വില കൽപ്പിക്കുന്ന മികച്ച വ്യക്തികളായി മാറാൻ
ഓരോ കുഞ്ഞിനേയും സഹായിക്കുന്നു.
ആദ്യവർഷം ഏറ്റെടുത്ത പരിപാടിയിലേക്ക്
നാലാം ക്ലാസ്സിൽ വെച്ചുതന്നെ ആവശ്യമായ മാതൃഭാഷാ ശേഷി എല്ലാവരും നേടി എന്ന് ഉറപ്പാക്കുന്നു .അതിനായി ഓരോ സ്കൂളിലും 
ഓരോ കോഡിനേറ്ററെ തെരഞ്ഞെടുക്കുകയും ഒരു പ്രാരംഭ പരിശോധനയിലൂടെ പരിഹാര ബോധനം ആവശ്യമായവരെ കണ്ടെത്തുകയും ചെയ്തു  പ്രത്യേകം തയ്യാറാക്കിയ ഒരു കൈപ്പുസ്തക ഉപയോഗി
​ച്ചും ​
കുട്ടിയുടെ കുടുംബ പശ്ചാത്തലം മനസ്സിലാക്കിയും .കളിയും പാട്ടുകളും നിറഞ്ഞ 60 മണിക്കൂർ പരിശീലനം കഴിഞ്ഞപ്പോൾ നടത്തിയ പരിശോധനയിൽ 73 % പേരും ഉദ്ദേശിച്ച മികവു നേടിയതായി കണ്ടു . എല്ലാ വിവരങ്ങളും ആദ്യാവസാനം രേഖപ്പെടുത്തി .ഒടുവിൽ അത് പൊതു സമൂഹത്തിനു മുൻപിൽ അവതരിപ്പിച്ചു . 8 പ്രാദേശിക ഭരണകൂടങ്ങളുടെ അധ്യക്ഷന്മാരും എം എൽ എ യും ഡയററ്  പ്രിൻസിപ്പാളും എസ് എസ് എ ജില്ലാ പ്രൊജക്റ്റ്‌ ഓഫീസിറും ഉൾപ്പെടെ ഇരുനൂറോളം പേർ സെമിനാറിൽ പങ്കെടുത്തു .
പ്രാദേശിക ഭരണകൂടങ്ങൾ ഈ കുട്ടികളുടെ അവധിക്കാല ക്യാമ്പ്‌ സ്പോണ്‍സർ ചെയ്തു .
ആദ്യ വർഷത്തെ പ്രവർത്തനത്തിലൂടെ തന്നെ ഈ ഉദ്യമത്തിന്
"NATIONAL AWARD FOR INNOVATION IN

EDUCATIONAL  ADMINISTRATION 2014 "
എന്ന ദേശീയ പുരസ്കാരം ചാവക്കാട് ഉപജില്ല വിദ്യാഭ്യാസ ഓഫീസർക്ക് ലഭിച്ചു .
ഈ പുരസ്കാരം കുഞ്ഞുമലയാളത്തിന്റെ പ്രവർത്തനങ്ങൾക്ക് പുതിയൊരു മാനവും കൂടുതൽ അംഗീകാരവും നല്കി.
ചാവക്കാടിന്റെ ചരിത്രപരമായ പശ്ചാത്തലം ഇനിയും ഏറെ പ്രവർത്തനങ്ങൾ ഇവിടെ ഏറ്റെടുക്കാനുണ്ട്
എന്ന തിരിച്ചറിവാണ് ഞങ്ങൾക്ക് നല്കിയത് .പഴയ മലബാറിന്റെ ഭാഗമായിരുന്നു ചാവക്കാട് . ബ്രിട്ടീഷ് ഭരണത്തിലായിരുന്ന  മലബാറിലെ വിദ്യാലയങ്ങളേക്കാൾ കൊച്ചി ഭരണത്തിലായിരുന്ന വിദ്യാലയങ്ങൾ ഏറെ മുന്നിലായിരുന്നു. മലബാറിന്റെ ഭാഗമായിരുന്ന പ്രദേശങ്ങൾ ഉൾപ്പെടുന്ന ജില്ലകൾ ആ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള തീവ്രപരിപാടികൾ പിന്നീട് നടപ്പിലാക്കിയപ്പോൾ തൃശ്ശൂരിന്റെ ഭാഗമായിപ്പോയതുകൊണ്ട്  ചാവക്കാടിന് അത്തരം പരിഗണനകൾ ലഭിച്ചില്ല . എന്നാൽ തീരദേശ മേഖലയായത് ആ പിന്നാക്കാവസ്ഥക്ക് ആക്കം കൂട്ടുകയും ചെയ്തു . ഒരു പക്ഷേ ഈ പിന്നാക്കാവസ്ഥയും ദാരിദ്ര്യവുമാകാം ജീവൻ പണയം വെച്ചും അത്രയൊന്നും സുരക്ഷിതമല്ലാത്ത ചരക്കു വഞ്ചികളിൽ യാത്ര ചെയ്തും  പിടിക്കപ്പെടാതിരിക്കാനായി കടലിലേക്ക്‌ എടുത്തു ചാടിയും ഏറെ ദൂരം നീന്തിയും  അന്ന് വെറും മണലാരണ്യമായിരുന്ന പേർഷ്യയ്ക്ക്  കടൽ കടന്നു പോകാൻ ഇന്നാട്ടുകാരെ പ്രേരിപ്പിച്ചത് . പ്രാഥമിക വിദ്യാഭ്യാസരംഗം ഏറെ ദയനീയമായിരുന്നു  .
 തൊഴുത്തുകൾക്ക് സമാനമായിരുന്നു പല വിദ്യാലയങ്ങളും . സർക്കാർ വിദ്യാലയങ്ങൾ ഏറെയും വാടകപ്പുരകളിലായിരുന്നു . ജനങ്ങളുടെയും ഗ്രാമപ്പഞ്ചായത്തുകളുടേയും ശ്രമ ഫലമായി അതിൽ ചിലതെല്ലാം ഇന്ന് സ്വന്തം സ്ഥലത്തേക്ക് മാറിയിട്ടുണ്ട് . പാർശ്വവല്ക്കരണം നേരിട്ട ചാവക്കാടിന്റെ  പൊതുവിദ്യാഭ്യാസ രംഗത്തെ ഉണർത്തുകയും ഉയർത്തുകയും ചെയ്യൻ  കുഞ്ഞുമലയാളം ലക്ഷ്യമിടുന്നു .
ആദ്യ വർഷത്തെ കാൽവെപ്പ്‌ വിജയമായതിന്റെ അത്മവിശ്വാസത്തിൽ രണ്ടാം  വർഷം 5 പരിപാടികളാണ് ഏറ്റെടുത്തത്.ഓരോന്നിനും ഓരോ പ്രധാനദ്ധ്യാപകൻ നേതൃത്വം നല്കുന്നു മാതൃഭാഷാ ശേഷിയുടെ വിവിധ തലങ്ങളെ ഉൾപ്പെടുത്തി 'എൽ പി' യിൽ പ്രാഥമികവും 'യു പി' യിൽ ദ്വിതീയവും നടപ്പിലാക്കി .
രണ്ടിനും പ്രത്യേകം കൈപ്പുസ്തകങ്ങൾ അക്കാദമിക് കമ്മിറ്റി തയ്യാറാക്കി .സ്കൂൾ കോർഡിനേറ്റർമാർ ഓരോ മാസവും ഒത്തു കൂടുകയും സ്കൂളുകളിൽ ഉണ്ടാവുന്ന പ്രശ്നങ്ങളിൽ പരിഹാരം തേടുകയും ചെയ്യുന്നു .ഓരോ യോഗം കഴിയുമ്പോളും ഒരു കോർഡിനേറ്ററിൽ നിന്ന് മെന്ററിലേക്ക് ഏറെപ്പേർ നീങ്ങുന്നതായാണ് ഞങ്ങൾക്ക് അനുഭവപ്പെടുന്നത് . മാതൃഭാഷാ പഠനം ഒരു മൾടി മീഡിയ അനുഭവമാക്കാൻ ഗുരുവായൂർ നഗരസഭാ കുഞ്ഞുമലയാളത്തെ അദ്ധ്യാപകരുടെ സഹായത്തോടെ ഒരു സീ ഡീ രൂപത്തിൽ തയ്യാറാക്കിയത് ഈ അവധിക്കാലത്ത്‌ പ്രകാശനം ചെയ്യും .മലയാള മാധ്യമ വിദ്യാലയങ്ങളിലെ കുട്ടികൾക്ക് ഇംഗ്ലീഷ് സംസാരിക്കാനുള്ള ശേഷി ഉണ്ടാക്കിയെടുക്കലാണ് "കുഞ്ഞുമലയാളം - ആംഗലേയം".
മുന്നൊരുക്കങ്ങളും അദ്ധ്യാപക പരിശീലനങ്ങളും കൂടുതലായി നടത്തിയതിനാൽ കുട്ടികളുടെ ഇടയിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല .വരും വർഷം ഈ രംഗം കൂടുതൽ ശക്തിപ്പെടും .
     സാങ്കേതികത്തികവുള്ള വിദ്യാലയങ്ങൾ സൃഷ്ടിക്കുന്നതിനായി രൂപം കൊടുത്ത പരിപാടിയാണ് "കുഞ്ഞുമലയാളം - സാങ്കേതികം "
കഴിഞ്ഞ 15 കൊല്ലം കൊണ്ട് വിവരസാങ്കേതിക വിദ്യയിലുണ്ടായ മാറ്റം അതിനു മുൻപുള്ള 100 വർഷത്തെ മാറ്റത്തേക്കാൾ വളറെ ഏറെയാണ് . ഇന്നത്തെ കുട്ടികൾ ഐ ടി തലമുറയിൽ ജനിച്ചു വീഴുമ്പോൾ അദ്ധ്യാപകരും രക്ഷിതാക്കളും ഈ തലമുറയിലേക്ക് കുടിയേറിയവർ മാത്രമാകുന്നു . അദ്ധ്യാപകനിൽ നിന്ന് ലഭിക്കുന്നതിലേറെ പഠനാനുഭവം കുഞ്ഞിനു മറ്റു രീതിയിൽ ലഭിക്കുന്നു. മുൻപെങ്ങുമില്ലാത്ത വിധം "ജെനറേഷൻ ഗാപ്‌ " ഇന്ന് സ്കൂളിൽ പ്രകടമാവുന്നു. ഇതു മൂലം എണ്ണിയാലോടുങ്ങാത്ത പ്രശ്നങ്ങളാണ് സ്കൂളിലും സമൂഹത്തിലും ഉണ്ടാവുന്നത് .
സാങ്കേതികത്തികവ് അദ്ധ്യാപകർക്കും വിദ്യാലയത്തിനും ഉണ്ടാക്കിയെടുക്കേണ്ടതുണ്ട് . പ്രധാനധ്യാപകർക്ക് സൗജന്യ കമ്പ്യൂട്ടർ പരിശീലനം സംഘടിപ്പിച്ചു കഴിഞ്ഞു. ഈ അവധിക്കാലത്ത് മറ്റദ്ധ്യാപകർക്കും പരിശീലനം സംഘടിപ്പിക്കും .എം എൽ എ വഴി എല്ലാ സ്കൂളിനും കമ്പ്യൂട്ടറും എൽ സി ഡി പ്രോജെക്ടറും നല്കി.ചില സ്വകാര്യ സ്ഥാപനങ്ങളും പൂർവവിദ്യാർത്ഥികളും കൂടുതൽ കമ്പ്യൂട്ടറുകൾ എത്തിക്കുന്നുണ്ട് . എല്ലാ സ്കൂളിലും ഒരു സ്മാർട്ട്‌ ക്ലാസ്സ്‌ എന്ന ലക്ഷ്യം അടുത്ത വർഷം നേടാനാവുമെന്ന് കരുതുന്നു . ഉപജില്ലക്ക് സ്വന്തമായി ഒരു വെബ്സൈറ്റും ഇക്കൂട്ടത്തിൽ ഒരുക്കിയിട്ടുണ്ട് .
     സമൂഹത്തിൽ നിന്ന് ഏറെ അകന്നത് പൊതുവിദ്യാലയങ്ങളുടെ ശക്തി വല്ലാതെ ചോർത്തിക്കളഞ്ഞിട്ടുണ്ട്. സമൂഹവും പൊതുവിദ്യാലയവും രണ്ടല്ല എന്ന തിരിച്ചറിവാണ് "കുഞ്ഞുമലയാളം-ജനകീയം" എന്ന പരിപാടിയുടെ പ്രേരക ശക്തി. പൂർവ വിദ്യാർഥികളും പൂർവ അദ്ധ്യാപകരും സമൂഹവും ഒത്തു ചേർന്ന് മികച്ചതാക്കിയ പൊതു വിദ്യാലയങ്ങൾ ധാരാളമുണ്ട് .എല്ലാ വിദ്യാലയങ്ങളും പൂർവവിദ്യാർഥിസംഘടനകൾ രൂപീകരിച്ചു കഴിഞ്ഞു .
വിദ്യാലയങ്ങൾ പൂർവവിദ്യാർഥി
കളെ ഇരുകയ്യും നീട്ടി സ്വീകരിക്കാൻ തുടങ്ങിയപ്പോൾ പലയിടത്തും കോടികളുടെ പദ്ധതികൾ രൂപപ്പെട്ടു കഴിഞ്ഞു . പ്രാദേശിക ഭരണ കൂടങ്ങളും ജനപ്രതിനിധികളും പലയിടത്തും ഈ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നുണ്ട് .